കടമ്പൂര്‍ സ്കൂള്‍ മാനേജ്‌മെന്റിന്റെ പീഡനം: അധ്യാപകര്‍ ഉപവസിച്ചു


കണ്ണൂര്‍ , മാര്‍ച്ച് 4 >> കടമ്പൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മാനേജ്മെന്റിന്റെ അധ്യാപക ദ്രോഹനടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപകര്‍ കലക്ടറേറ്റിന് മുന്നില്‍ ഉപവസിച്ചു. ഉപവാസം സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഉദ്ഘാടനംചെയ്തു. കടമ്പൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ മാനേജരുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും അധ്യാപകരുടെ ആനുകൂല്യം തടഞ്ഞത്് വിദ്യാഭ്യാസവകുപ്പ് അന്വേഷിക്കണമെന്നും പി ജയരാജന്‍ ആവശ്യപ്പെട്ടു. പൊതുവിദ്യാഭ്യാസശൃംഖലയുടെ ഭാഗമായ കടമ്പൂര്‍ സ്കൂള്‍ സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടത്. സ്കൂളിന്റെ അക്കാദമിക് നിലവാരം വര്‍ധിപ്പിക്കുന്നതില്‍ അധ്യാപകര്‍ക്ക് മുഖ്യപങ്കുണ്ട്. അത് അംഗീകരിച്ച് അധ്യാപകരുമായി ഐക്യപ്പെട്ട് മുന്നോട്ടുപോകാന്‍ മാനേജ്മെന്റ് ശ്രമിക്കണമെന്നും പി ജയരാജന്‍ പറഞ്ഞു. കെപിഎസ്‌ടിയു ജില്ലാ പ്രസിഡന്റ് കെ രമേശന്‍ അധ്യക്ഷനായി. ഡിസിസി പ്രസിഡന്റ് സതീശന്‍ പച്ചേനി, സിപിഐ സംസ്ഥാന കൌണ്‍സിലംഗം സി പി മുരളി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. ഐഎന്‍ടിയുസി അഖിലേന്ത്യാ സെക്രട്ടറി കെ സുരേന്ദ്രന്‍, കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ കെ പ്രകാശന്‍, എ കെ ബീന, കെപിഎസ്ടിയു സംസ്ഥാന വൈസ്പ്രസിഡന്റ് കെ സി രാജന്‍, എകെഎസ്ടിയു സംസ്ഥാന പ്രസിഡന്റ് ഒ കെ ജയകൃഷ്ണന്‍, പി ആര്‍ വസന്ത്കുമാര്‍, കെ റോജ, എന്‍ പി ശശികുമാര്‍, പി വി പ്രദീപന്‍, ടി കെ ശങ്കരന്‍, ഇ കെ വിനോദ്, കെ എം ശോഭന, കെ സി സുധീര്‍, കെ ഗീത,   എന്‍ തമ്പാന്‍, കെ രാമചന്ദ്രന്‍, കെ സുനില്‍കുമാര്‍, ടി ഒ വേണുഗോപാലന്‍, ആര്‍ സഹദേവന്‍, ജോയന്റ് കൌണ്‍സില്‍ സംസ്ഥാന സെക്രട്ടറി സി ഗിരീശന്‍, എന്‍ജിഒ യൂണിയന്‍ ജില്ലാ സെക്രട്ടറി എം വി രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സമാപനചടങ്ങില്‍ സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി എം വി ജയരാജന്‍ നാരങ്ങാനീര് നല്‍കി. കെഎസ്‌ടിഎ ജില്ലാ പ്രസിഡന്റ് എന്‍ ടി സുധീന്ദ്രന്‍ സ്വാഗതവും എകെഎസ്‌ടിയു ജില്ലാ സെക്രട്ടറി എന്‍ സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു