അധ്യാപകരുടെ അന്യായ സസ്പെന്‍ഷന്‍ പിന്‍വലിക്കണം


കണ്ണൂര്‍ > മട്ടന്നൂര്‍ കാഞ്ഞിലേരി ഗവ. എല്‍പി സ്കൂള്‍ അധ്യാപകരെ അന്യായമായി സസ്പെന്‍ഡ്ചെയ്ത ഡിഡിഇയുടെ നടപടിയില്‍ കെഎസ്ടിഎ ജില്ലാകമ്മിറ്റി പ്രതിഷേധിച്ചു. സ്കൂള്‍ സമയത്തിനുശേഷംശുചിത്വപരിശോധനയ്ക്കെത്തിയ എസ്എസ്എ ജില്ലാപ്രൊജക്ട് ഓഫീസര്‍, തളിപ്പറമ്പ് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, എസ്എസ്എയിലെ എഒ എന്നിവര്‍ പ്രധാനാധ്യപകന്‍ സൂക്ഷിക്കേണ്ട രേഖകളാണ് അധ്യാപകരോട് ആവശ്യപ്പെട്ടത്. രേഖകള്‍ നല്‍കിയില്ലെന്ന പേരില്‍ സര്‍വീസ് നിയമത്തിന് വിരുദ്ധമായാണ് നടപടിയെടുത്തത്. ഗൂഢാലോചന നടത്തി പരാതി നല്‍കിയ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കേണ്ടതിനു പകരം വിശദീകരണംപോലും തേടാതെ അധ്യാപകരെ സസ്പെന്‍ഡ് ചെയ്തത് നീതീകരിക്കാനാവില്ല.  സസ്പെന്‍ഷന്‍ ഉടന്‍ പിന്‍വലിച്ചില്ലെങ്കില്‍ വിദ്യാഭ്യാസ ഓഫീസര്‍മാരെ ബഹിഷ്കരിക്കുന്ന നടപടികളുമായി മുന്നോട്ടുപോകുമെന്ന് കെഎസ്ടിഎ ജില്ലാ കമ്മിറ്റി അറിയിച്ചു. യോഗത്തില്‍ പ്രസിഡന്റ് എന്‍ ടി സുധീന്ദ്രന്‍ അധ്യക്ഷനായി. കെ കെ പ്രകാശന്‍, പി സി ഗംഗാധരന്‍, വി പി മോഹനന്‍, പി ആര്‍ വസന്തകുമാര്‍ എന്നിവര്‍ സംസാരിച്ചു. കാഞ്ഞിലേരി ഗവ.  എല്‍പി സ്കൂളിലെ അധ്യാപകരായ പ്രദീപന്‍ കോടഞ്ചേരി, ടി വിനീഷ് എന്നിവരെ അന്യായമായി സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് എഫ്എസ്ഇടിഒ ഡിഡിഇ ഓഫീസിലേക്ക് പ്രകടനം നടത്തി. വി എം സജീവന്‍, കെ കെ പ്രകാശന്‍, സുനു കുമാര്‍, വി പി മോഹനന്‍, എന്‍ ടി സുധീന്ദ്രന്‍, പി സി ഗംഗാധരന്‍, സി ലക്ഷ്ണമന്‍ എന്നിവര്‍ സംസാരിച്ചു. സസ്പെന്‍ഷന്‍ നടപടി ഉടന്‍ പിന്‍വലിക്കണമെന്നും എഫ്എസ്ഇടിഒ ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.