ശുചിത്വ – ഹരിത വിദ്യാലയത്തിന് അധ്യാപകര്‍ കൈകോര്‍ക്കുന്നു


കണ്ണൂര്‍,മെയ്27> സ്കൂളുകളില്‍ ജൈവപച്ചക്കറിത്തോട്ടം ഒരുക്കാനും ശാസ്ത്രീയ മാലിന്യസംസ്കരണത്തിനും അധ്യാപകരുടെ മുന്‍കൈയില്‍ “ശുചിത്വവിദ്യാലയം ഹരിത വിദ്യാലയം’ പദ്ധതി തയ്യാറാവുന്നു. കെഎസ്ടിഎ നേതൃത്വത്തിലാണ് 150 സ്കൂളുകളില്‍ ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുക. 15 സബ്ജില്ലകളിലെ പത്തുവീതം സ്കൂളുകളെയാണ് പദ്ധതിക്കായി തെരഞ്ഞെടുത്തത്. സ്കൂളിലെ ഉച്ചഭക്ഷണത്തിനുവേണ്ട പച്ചക്കറിയുടെ ഒരു ഭാഗം രണ്ടുഘട്ടമായി നടപ്പാക്കുന്ന കൃഷിയിലൂടെ കണ്ടെത്തും. ജൂലൈയില്‍ മഴക്കാല പച്ചക്കറി കൃഷി ആരംഭിക്കും. സെപ്തംബറിലാണ് രണ്ടാംഘട്ടം. പത്തുസെന്റ് സ്ഥലമെങ്കിലും പച്ചക്കറി കൃഷിക്ക് നീക്കിവയ്ക്കുന്ന സ്കൂളുകള്‍ക്ക് സബ്സിഡിയും ലഭ്യമാക്കും. വിത്ത്, ഗ്രോബാഗുകള്‍, ശാസ്ത്രീയ കൃഷി പരിശീലനം എന്നിവ നല്‍കും. ജൈവമാലിന്യവും പ്ലാസറ്റിക് മാലിന്യവും വേര്‍തിരിച്ച് സംസ്കരിക്കുന്നതാണ് ശുചിത്വവിദ്യാലയം പദ്ധതി. ജൂണ്‍ രണ്ടാംവാരം പരിപാടിക്ക് തുടക്കമാവും. ആഴ്ചയില്‍ ഒരു ദിവസം ശുചീകരണം നടത്തും. വരും വര്‍ഷങ്ങളില്‍ മുഴുവന്‍ സ്കൂളുകളിലേക്കും പരിപാടി വ്യാപിപ്പിക്കും. പദ്ധതി കോ ഓഡിനേറ്റര്‍മാര്‍ക്കുള്ള ജില്ലാതല ശില്‍പശാല ശിക്ഷക് സദനില്‍ പി കെ ശ്രീമതി എംപി ഉദ്ഘാടനം ചെയ്തു. കെ കെ പ്രകാശന്‍ പദ്ധതി വിശദീകരിച്ചു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസ് അസിസ്റ്റന്റ് ഡയറക്ടര്‍ എ സാവിത്രി, ശുചിത്വമിഷന്‍ അസിസ്റ്റന്റ് കോ ഓഡിനേറ്റര്‍ ഇ മോഹനന്‍ എന്നിവര്‍ ക്ലാസെടുത്തു. എന്‍ ടി സുധീന്ദ്രന്‍ അധ്യക്ഷനായി. എ കെ ബീന, പി ആര്‍ വസന്തകുമാര്‍, പി സി ഗംഗാധരന്‍, വി സുജാത എന്നിവര്‍ സംസാരിച്ചു. വി പി മോഹനന്‍ സ്വാഗതവും വി വി രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.