കെഎസ്ടിഎ ജില്ലാപഠന ക്യാമ്പ് സമാപിച്ചു :അധ്യാപക നിയമനങ്ങള്‍ ഉടന്‍ അംഗീകരിക്കണം


കണ്ണൂര്‍ ,മെയ് 4> സ്കൂളുകളുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പുവരുത്തുന്നതിന് അധ്യാപക നിയമനങ്ങള്‍ ഉടന്‍ അംഗീകരിച്ച് ഉത്തരവിറക്കണമെന്ന് കെഎസ്ടിഎ ജില്ലാപഠന ക്യാമ്പ് ആവശ്യപ്പെട്ടു. 2010-2011 അധ്യയന വര്‍ഷത്തിനുശേഷം തസ്തിക നിര്‍ണയം നടത്താനോ, നിയമനങ്ങള്‍ അംഗീകരിക്കുന്നതിനോ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. അധ്യാപക വിദ്യാര്‍ഥി അനുപാതം 1:30, 1:35 ആയി ക്രമീകരിക്കാതെ അധ്യാപകരെയും പൊതുസമൂഹത്തെയും കബളിപ്പിക്കുകയാണ്.കുട്ടികള്‍ കുറഞ്ഞ സ്കൂളുകള്‍ അണ്‍ ഇക്കണോമിക് എന്നുപറഞ്ഞ് പാര്‍ശ്വവല്‍ക്കരിക്കുന്നു. ഒഴിവുകളില്‍ പകരം അധ്യാപകരെ നിയമിക്കുന്നില്ല. പൊതുവിദ്യാലയങ്ങളെ തകര്‍ക്കുന്ന ഇത്തരം നീക്കങ്ങളില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും ക്യാമ്പ് ആവശ്യപ്പെട്ടു. തിങ്കളാഴ്ച സാമ്പത്തികരംഗത്തെക്കുറിച്ച് കെ ടി കുഞ്ഞിക്കണ്ണനും ആഗോളവല്‍ക്കരണവും സ്ത്രീകളും എന്ന വിഷയത്തില്‍ പ്രൊഫ. പി എസ് ശ്രീകലയും ക്ലാസെടുത്തു. എ കെ ബീന അധ്യക്ഷയായി. സംസ്ഥാന സെക്രട്ടറി കെ പി സന്തോഷ്കുമാര്‍, കെ കെ പ്രകാശന്‍, വി പി മോഹനന്‍, വി സുജാത, പി സി ഗംഗാധരന്‍, എന്‍ ടി സുധീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ കെ ഇ കുഞ്ഞബ്ദുള്ള സ്വാഗതവും കണ്‍വീനര്‍ വി പി നാണു നന്ദിയും പറഞ്ഞു.