അന്യായ സസ്പന്‍ഷന്‍ പിന്‍വലിക്കുക.. അധ്യാപകരും ജീവനക്കാരും ഉപവസിച്ചു.


കണ്ണൂര്‍ (5/3/2015)> ഡിഡിഇ ദിനേശന്‍ മഠത്തിലിന്റെ അന്യായ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാരും അധ്യാപകരും ഉപവസിച്ചു. അധ്യാപകസര്‍വീസ് സംഘടന സംയുക്ത സമരസമിതി നേതൃത്വത്തില്‍ സ്റ്റേഡിയം കോര്‍ണറില്‍ നടന്ന ഉപവാസം സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ ഉദ്ഘാടനം ചെയ്തു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഭരണത്തില്‍ സത്യസന്ധതയ്ക്കുള്ള പ്രതിഫലമായി ഉദ്യോഗസ്ഥന് കിട്ടിയത് സസ്പെന്‍ഷനാണെന്ന് ശൈലജ പറഞ്ഞു. കള്ളക്കച്ചവടക്കാരെ സംരക്ഷിക്കാനാണ് ഉമ്മന്‍ചാണ്ടി ഭരണം നടത്തുന്നത്. ദേശീയ ഗെയിംസില്‍ അഴിമതി നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാത്തവരാണ് ദിനേശന്‍ മഠത്തിലിനെ സസ്പെന്‍ഡ് ചെയ്തത്. കടമ്പൂര്‍ സ്കൂള്‍ മാനേജ്മെന്റിന്റെ തെറ്റായ പ്രവര്‍ത്തനം ചോദ്യം ചെയ്തതിന്റെ വിരോധത്താലാണ സസ്പെന്‍ഷന്‍.ഡിഡിഇക്കെതിരെ നടപടി എടുക്കേണ്ടെന്ന് വിദ്യാഭ്യാസവകുപ്പ് റിപ്പോര്‍ട് നല്‍കിയതാണ്. എന്നാല്‍ ഈ റിപ്പോര്‍ട് മറികടന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് സസ്പെന്‍ഷന്‍ നല്‍കിയത്. സ്കൂള്‍ മാനേജ്മെന്റിന്റെ പണം വാങ്ങിയാണ് ഇത്തരമൊരു നടപടിയെന്നും അവര്‍ പറഞ്ഞു. ടി രാമകൃഷ്ണന്‍ അധ്യക്ഷനായി. ആര്‍ സുനില്‍കുമാര്‍, കെ സി ഹരികൃഷ്ണന്‍, കെ സി അജിത്ത്കുമാര്‍, പി വി രത്നാകരന്‍, ടി പ്രകാശന്‍, എ കെ ബീന, എം രാമചന്ദ്രന്‍, എ വിജയന്‍, കെ കെ പ്രകാശന്‍, പി സുരേന്ദ്രന്‍, ഉദയകുമാര്‍, സി ഗിരീശന്‍, കെ ആര്‍ ചന്ദ്രകാന്ത്, കെ എം ബാലചന്ദ്രന്‍, ഒ കെ ജയകൃഷ്ണന്‍, ടി പി ശോഭന, കെ മോഹനന്‍, പി പി ജയകൃഷ്ണന്‍, സതീദേവി എന്നിവര്‍ സംസാരിച്ചു. സമാപനയോഗം സിപിഐ ജില്ലാസെക്രട്ടറി അഡ്വ. പി സന്തോഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു. എം വി ശശിധരന്‍ സ്വാഗതവും പി സി ഗംഗാധരന്‍ നന്ദിയും പറഞ്ഞു. യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയന്‍, എന്‍ ജിഒ യൂണിയന്‍, കെഎസ്ടിഎ, ബിഎസ്എന്‍എല്‍ഇയു സംഘടനകള്‍ അഭിവാദ്യപ്രകടനം നടത്തി. എം വി ജനാര്‍ദനന്‍, മന്‍മോഹന്‍ പാനൂര്‍ എന്നിവര്‍ കവിതയും എന്‍ ജെ ബാബുരാജ് നാടന്‍പാട്ടും ആലപിച്ചു.